തൃശൂര്‍: വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഘടകത്തില്‍ നിന്ന് തരംതാഴ്ത്തിയിരുന്ന ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 17 വര്‍ഷത്തിന് ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. തനിക്കെതിരെ പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് നടപടിയെടുത്തതെന്ന് ശശിധരന്‍ പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ശേഷം അദ്ദേഹം പിന്നീട് ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ച് വന്നിരുന്നു.
സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ടി.ശശിധരന്‍. പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശിധരന്‍ പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. ഒരാളെയും പൂര്‍ണമായി മാറ്റിനിര്‍ത്തുന്ന പതിവ് പാര്‍ട്ടിക്ക് ഇല്ല. തീരെ പറ്റാത്തയാളെങ്കില്‍ ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കില്‍ അയാളെ മടക്കിക്കൊണ്ട് വരും. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിയുന്നത് പോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം. പാവങ്ങള്‍ക്കൊപ്പം ധാര്‍മികമായും സത്യസന്ധമായും നില്‍ക്കുകയെന്നതാണ് മറ്റൊരു കാര്യം- അദ്ദേഹം പറഞ്ഞു.
തൃശൂർ ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട നേതാവെന്ന നിലയിൽ വളർന്നുവന്നയാളാണ് ടി. ശശിധരൻ. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹത്തെ വിഎസ്-പിണറായി വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായതിനാലാണ് ബ്രാഞ്ചിലേക്ക് നീണ്ട വർഷക്കാലം തരം താഴ്ത്തിയത്.
അതേസമയം, സിപിഐഎം ജില്ലാ സെക്രട്ടറിയായി എം.എം വര്‍ഗീസ് തുടരും. ബാബു എം പാലിശേരിയെ ഒഴിവാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോടതി ശിക്ഷിച്ച എം ബാലാജി ജില്ലാ കമ്മിറ്റിയിലുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു ശശിധരന്‍. ബാബു എം പല്ലിശ്ശേരിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.