കൊച്ചി: കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്‌തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം. കോട്ടയം എസ് പിക്കാണ് നിയമോപദേശം ലഭിച്ചത്.
കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിയമോപദേശം കൈമാറി. തെളിവുകള്‍ ശക്തമാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതിയുടെ നിഗമനങ്ങള്‍ തെറ്റാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ കന്യാസ്ത്രീ നേരിട്ടും ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫായിരിക്കും അപ്പീൽ നൽകുക.
പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ കുറുവിലങ്ങാട് മഠത്തിലെത്തിയെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടതാണ്. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിയുടെ നിഗമനം തെറ്റാണ്. നിര്‍ഭയ സംഭവത്തിന് ശേഷം ബലാല്‍സംഗക്കേസുകളില്‍ വന്ന ഭേദഗതികളെ കോടതി പരിഗണിച്ചില്ല. ഇതെല്ലാം കൊണ്ട് തന്നെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമെന്നും അപ്പീല്‍ പോകാമെന്നും നിയമോപദേശത്തില്‍ പറയുന്നു. നിയമോപദേശത്തില്‍ തീരുമാനം എടുക്കേണ്ടത് ഇനി സര്‍ക്കാരാണ്. അനുമതി കിട്ടുന്ന മുറയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ മുഖേനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
കന്യാസ്ത്രീയുടെ മൊഴി പോലും വിലക്കെടുക്കാതെയായിരുന്നു കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന തീരുമാനത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടരും കന്യാസ്ത്രീയും ഉറച്ചു നിൽക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് പൊലീസിന്റെയും കന്യാസ്ത്രീയുടെയും തീരുമാനം.
ഈ മാസം 14നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.