വാഷിങ്ടണ്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി യു.എസ്. എയര്‍ ചൈന, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ്, സിയാമെന്‍ എയര്‍ലൈന്‍സ് എന്നീ കമ്പനിയുടെ കീഴിലുള്ള വിമാനങ്ങളാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
നേരത്തെ സര്‍ക്യൂട്ട് ബ്രേക്കര്‍ നയം (വിമാനങ്ങളില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ റൂട്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുന്ന നയം) ഉപയോഗിച്ച് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ ചൈന നിര്‍ത്തലാക്കിയിരുന്നു. അമേരിക്കയുടെ ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് എയര്‍ലൈനുകളുടെ വിമാനങ്ങളാണ് ചൈന നിര്‍ത്തലാക്കിയത്.
അമേരിക്കയില്‍ നിന്ന് കോവിഡ് നെഗറ്റീവ് ആയ യാത്രക്കാര്‍ ചൈനയിലെത്തുമ്പോള്‍ പോസിറ്റീവ് ആകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന വിമാനങ്ങള്‍ തടഞ്ഞത്. ഇതിനുള്ള മറുപടിയാണ് അമേരിക്ക നല്‍കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.