തൃശൂര്‍: പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പ് തൃപ്രയാറില്‍ തുടക്കം കുറിച്ചു. മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാല്‍, ബോബി സേവിയര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര കളിക്കാരായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവരടക്കം 12 കളിക്കാര്‍ ക്യാമ്പില്‍ പങ്ക് എടുക്കുന്നുണ്ട്. യുഎസില്‍ നിന്നുള്ള കോള്‍ട്ടന്‍ കോവല്‍, കോഡി കാഡ്‌വെല്‍ എന്നിവര്‍ ഉടന്‍ ക്യാമ്പില്‍ എത്തുമെന്നാണ് പ്രതീക്ഷ.
പ്രതിദിനം ആറ് മണിക്കൂറോളമാണ് പരിശീലനം നടക്കുന്നത്. പ്രശസ്തരായ കോച്ചുമാരുടെ കീഴില്‍ കഠിന പരിശീലനത്തിലുള്ള പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് ടീം അധികൃതര്‍ പറഞ്ഞു. ഈ മാസം 25 വരെയാണ് പരിശീലന ക്യാമ്പ്. ഏഴ് ടീമുകളുമായി പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 5-ന് ആരംഭിക്കാനും നിശ്ചയിച്ചിട്ടുണ്ട്.