തിരുവനന്തപുരം: ഗായിക ചിത്രയ്ക്കും ഭർത്താവ് വിജയ് ശങ്കറിനുമെതിരെ ആരോപണവുമായി എത്തിയ സംഭവത്തിൽ ട്വിസ്റ്റ്. വട്ടിയൂർകാവിലെ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ പ്രമോദ് എന്നയാൾ രംഗത്ത് വന്നത്. എന്നാൽ ഇയാൾ പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ വട്ടിയൂർ കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
പട്ടികജാതിക്കാരിയായ ഹോം നഴ്സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രതി ചേർത്തിരിക്കുന്നത്. ആരോപണം ഉന്നയിച്ച അതേ അപ്പാർട്മെന്റിൽ നടന്ന സംഭവമായതിനാൽ കേസ് ഒത്തു തീർക്കുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമാണ് പ്രതി തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നു വിജയ് ശങ്കർ പ്രതികരിച്ചു.
പ്രമോദിനെതിരെയും പ്രമോദിന്റെ ആരോപണം സംപ്രേഷണം ചെയ്ത യുട്യൂബർക്കെതിരെയും മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് വിജയശങ്കർ പറഞ്ഞു. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നതെന്നു വിജയശങ്കർ പറഞ്ഞു.
പൊലീസ് തിരയുന്ന ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോയുമായി രംഗത്തെത്തിയിട്ടുള്ളത്. ഫ്ലാറ്റുമായി ബന്ധപ്പെട്ട സാമ്പത്തികമായതോ അല്ലാത്തതൊ ആയ കാര്യങ്ങളിൽ ഒരു ഇടപാടും താമസക്കാരുമായി തനിക്ക് ഇല്ലെന്നും വിജയ് ശങ്കർ പറയുന്നു.
വട്ടിയൂർക്കാവിൽ പേൾ മാനർ ബിൽഡിങ്‌സ് എന്ന കമ്പനി 2008ൽ നിർമാണം ആരംഭിച്ച ഫ്ലാറ്റ് നിർമാണം 2010ൽ കെട്ടിട നിർമാതാവു മുങ്ങിയതിനെ തുടർന്നു പണി മുടങ്ങി കിടക്കുകയായിരുന്നു. ഇത് വാസയോഗ്യമാകും വിധം പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്കു ഫ്ലാറ്റ് നിർമാതാവു പണം നൽകാത്തതിനാലാണ് രജിസ്ട്രേഷൻ നടക്കാത്തത് എന്നറിഞ്ഞ് പണം കയ്യിൽ നിന്നു മുടക്കി വിജയ് ശങ്കർ പണി പൂർത്തിയാക്കുകയായിരുന്നു. അതേ സമയം ഫ്ലാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്കു കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധിക്കുന്നെന്നുമാണ് ആക്ഷേപം.
ഈ വിഷയത്തിൽ റിയൽ എസ്റ്റേറ്റ് റഗൂലേറ്ററി അതോരിറ്റിക്ക് ഒരു ഫ്ലാറ്റുടുമ കൂടിയായ പ്രമോദ് നൽകിയ പരാതിയിൽ അടുത്തിടെ വിധി വന്നിരുന്നു. ഇത് എതിരായതോടെയാണ് വീഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. ഫ്ലാറ്റിന്റെ മുഴുവൻ പണവും നൽകാൻ തയാറാകാതെയാണ് ആക്ഷേപം ഉയർത്തുന്നത്. പ്രമോദ് എന്നയാൾ 15 ലക്ഷം രൂപ ഫ്ലാറ്റ് നിർമാതാവിനു ഇനിയും നൽകാനുണ്ട്. ഇതെല്ലാം മറച്ച് വെച്ചാണ് പ്രമോദ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഫ്ലാറ്റിന്റെ പണം പൂർണമായും നൽകിക്കഴിഞ്ഞാൽ വെള്ളത്തിന്റെ കണക്ഷൻ എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി നൽകുമെന്നാണ് നിർമാതാവ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് സ്ഥലത്തെ ചില ഗുണ്ടകൾ വിജയ്‌യെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാറ്റ് രജിസ്റ്റർ ചെയ്തു കിട്ടണമെന്നായിരുന്നു ആവശ്യം. ഇവിടെ വാങ്ങിയിട്ടുള്ള തന്റെ പേരിലുള്ള ഫ്ലാറ്റു പോലും ഇതുവരെ രജിസ്റ്റർ ചെയ്തു കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. കെട്ടിട സമുച്ചയത്തിൽ താൻ വാങ്ങിയ ഒരു കൊമേഴ്സ്യൽ സ്പേസ് മാത്രമാണ് രജിസ്റ്റർ ചെയ്തു കിട്ടിയിട്ടുള്ളത്. അതു തന്നെ പണം നൽകി കെട്ടിട നിർമാണം പൂർത്തിയാക്കാൻ മുൻകൈ എടുത്തതിനാൽ മാത്രമാണ് സാധിച്ചതെന്നും വിജയ് ശങ്കർ പറയുന്നു.
ഈ സംഭവങ്ങൾക്കിടെയാണ് പ്രമോദ് മറ്റൊരു ഫ്ലാറ്റിൽ അതിക്രമിച്ചു കയറുന്നത്. അതിൽ താമസിച്ചിരുന്ന ഹോം നഴ്സ് യുവതിയെ മർദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്‌തു. ഇതിനെതിരെ യുവതി നൽകിയ പരാതിയെ തുടർന്നാണ് വട്ടിയൂർകാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ സംഭവം വ്യാജമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് പ്രതി യൂട്യൂബ് ചാനൽ വഴി ഇരവാദവുമായി രംഗത്തെത്തിയത്.