തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് മോണോ ക്ലോണൽ ആന്റിബോഡി നൽകി. വി എസിൻ്റെ ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കുറച്ചുനാളുകളായി പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു വിഎസ്. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിഎസ്. നവംബർ 19ന് ആശുപത്രിവിട്ട ശേഷം വീട്ടിൽ പൂർണവിശ്രമത്തിൽ കഴിയവെയാണ് കോവിഡ് ബാധിച്ചത്. വിഎസിൻ്റെ മകൻ വി എ അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്.