വയനാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്മെന്റ സംവിധാനം ഏർപ്പെടുത്തി.
നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്.
അതേസമയം, കോവിഡ് അതിതീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോവിഡിന്റെ മൂന്നാം തരംഗത്തിൽ വയനാട്ടിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്സിൻ നിർബന്ധമാണ്. ചെക്ക്പോസ്റ്റുകളിൽ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണം. ചെക്ക്പോസ്റ്റുകളിലെ പോലീസ് സേവനം ജില്ല പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും.
കർണാടക അതിർത്തികളായ ബാവലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക്പോസ്റ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും യാത്ര പാസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിലും കോവിഡ് വ്യാപനം തീവ്രമാണ്. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ദിവസവുമെത്തുന്നുണ്ട്.