തൃശൂര്‍: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പൊലീസ് പിടികൂടി. ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമാണ കമ്പനി സഹ കരാർ ഏറ്റെടുത്ത കമ്പനിയുടെ ടോറസാണ് പിടിയിലായത്. മണ്ണ് ഇറക്കിയ ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നു പോയതാണ് ലൈറ്റുകൾ തകരാൻ കാരണമായതെന്ന് ഡ്രൈവർ വിശദീകരിച്ചു.
ഈ ലോറി പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് തുരങ്കത്തിലെ 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നിരുന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലായിരുന്നു. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലോറി പൊലീസ് പിടികൂടിയത്.
അതേസമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തകർന്ന ലൈറ്റുകൾ ഓർഡർ ചെയ്തു വരുത്താൻ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.