കൊച്ചി: മലയാളി വീടുകളിലെ സ്ഥിര സാന്നിധ്യം, സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര “എരിവും പുളിയും” ആദ്യ എപ്പിസോഡുകളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി റുസ്താഗി, റിഷി എസ് കുമാർ, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവർ അണി നിരക്കുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
ഹാസ്യത്തിൻ്റെ മേമ്പൊടിയിൽ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരമ്പര, ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് ആദ്യമായി കാണികളിലേക്കു എത്തിക്കുന്നത് . ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഏറെ ചർച്ചകളും വാർത്തകളും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ഇത്തരം അനുഭവങ്ങൾക്ക് നേരെ വിരൽ ചൂണ്ടുകയാണ് സീരിയലിന്റെ പുതിയ എപ്പിസോഡ് .
സ്കൂൾ വിദ്യാർഥിയായ ജെന്നയോട് മോശമായി പെരുമാറുന്ന മധ്യവയസ്കനായ കഥാപാത്രത്തിന് തക്കതായ മറുപടി നൽകുന്ന കുട്ടിയെ ഉടൻ സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രോമോ വീഡിയോയിൽ കാണാം. ഇത്തരം കാര്യങ്ങൾ മറച്ചു വെക്കാൻ അല്ല തുറന്നു പറയാനാണ് തന്നെ വീട്ടുകാരും അധ്യാപകരും പഠിപ്പിച്ചിരിക്കുന്നതെന്നും കഥാപാത്രം പറയുന്നു. അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന യുവസമൂഹത്തെ പ്രതിനിധിയായി ജെന്നയെ ചിത്രീകരിച്ചുകൊണ്ട് ലൈംഗീക വിദ്യാഭാസം കുട്ടികൾക്ക് നല്കേണ്ടുന്നതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് എരിവും പുളിയും ടീം ഈ എപ്പിസോഡിലൂടെ.
എരിവും പുളിയും സീ കേരളം ചാനലിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക് സംപ്രേഷണം ചെയ്യും.