ന്യൂഡല്‍ഹി: വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് നിർദേശം നല്‍കി കേന്ദ്രസർക്കാര്‍. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു. വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
നിലവിൽ ശരാശരി യാത്രക്കാർ രണ്ടുമുതൽ മൂന്ന് ഹാൻഡ് ബാഗ് വരെയാണ് കയ്യിൽ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റിൽ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്. ക്ലിയറൻസിന് കൂടുതൽ സമയമെടുക്കുന്നത് മൂലം വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുകയാണ്. ഈ കാലതാമസം യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചട്ടം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മെമ്മോയിൽ പറയുന്നത്.
വൺ ഹാൻഡ് ബാഗ് വ്യവസ്ഥ എല്ലാ വിമാന കമ്പനികളും വിമാനത്താവളങ്ങളും കൃത്യമായി പാലിക്കണം. സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് അനിവാര്യമാണ്. വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ഹാൻഡ് ബാഗ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കുലറിൽ പറയുന്നു.