തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്മെന്റിന് രൂപം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ക്ലസ്റ്റർ മാനേജ്മെന്റ് തയ്യാറാക്കിയത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റർ മാനേജ്മെന്റ് ആവിഷ്ക്കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റർ രൂപീകരണത്തിന്റെ കാര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.