തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. ഇങ്ങോട്ട് തല്ലുമ്പോള്‍ കൊള്ളുന്നതല്ല സെമി കേഡര്‍. ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്‍റെ ഭാഗം തന്നെയെന്നും മുരളീധരന്‍ പറഞ്ഞു.
കോൺഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡൻറ് ആയാലും ആ നയത്തിൽ മാറ്റമുണ്ടാകില്ല. പക്ഷേ രീതി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസില് എല്ലാവർക്കും പരസ്പര ബഹുമാനമാണ്. ആർക്കും ആരോടും ആരാധനയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എഴുതിയ കത്ത് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചർച്ച ആക്കേണ്ട എന്നാണ് കോൺഗ്രസ് തീരുമാനമെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ മുഖ്യമന്ത്രിക്ക് തന്നെ കത്ത് എഴുതിയത്.