ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പരമാവധി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തിനൊപ്പം സ്വകാര്യ കമ്പനികള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യ ലോക്ക് ഡൗണും കടകള്‍ തുറക്കുന്നതിനുള്ള നിയന്ത്രണവുമാണ് പിന്‍വലിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ എന്ന വ്യവസ്ഥ തുടരും. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഈ മാസം ഏഴിനാണ് ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ 12,306 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.