കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. രാവിലെ 10.15ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അവധിദിനമായ നാളെ കോടതി പ്രത്യേക സിറ്റിങ് നടത്തും. ഇതിനിടെ അന്വേഷണഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ദിലീപിനെതിരെ ഉള്‍പ്പെടുത്തി.
ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഡാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറഞ്ഞിരുന്നത്. ഇതില്‍ ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗൂഡാലോചന നടത്തി എന്ന് മാത്രം പറയുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. എന്തിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകും. അതിനിടെ ദിലീപിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിൻ്റെ സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിൻ്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.