ബെർലിൻ: കുട്ടികൾക്കെതിരായ ലൈംഗികപീഡനം തടയുന്നതിൽ മുൻ മാർപാപ്പ ബെനഡിക്ട് 16ാമൻ പരാജയമായിരുന്നുവെന്ന് ജർമൻ അന്വേഷണ റിപ്പോർട്ട്. ജർമനിയിൽ പ്രവർത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫൽ സ്പിൽകെർ വാസ്ല് (ഡബ്ല്യൂ.എസ്.ഡബ്ല്യൂ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1945നും 2019നും ഇടയില്‍ മ്യൂണിക്, ഫ്രെയ്‌സിങ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചായിരുന്നു അന്വേഷണം.
കത്തോലിക്കാപള്ളിയാണ് സ്ഥാപനത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നാല് ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ കാര്യങ്ങൾ അറിയാമായിരുന്നെങ്കിലും ബെനഡിക്ട് നടപടിയെടുത്തില്ല. പുരോഹിതൻ കുറ്റക്കാരനെന്നു കണ്ടെത്തിയശേഷവും അദ്ദേഹത്തെ ചർച്ചിൻ്റെ ചുമതലകളേൽപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ബെനഡിക്ടുമായി സംസാരിച്ചശേഷമാണ് സ്ഥാപനം റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് പരിശോധിക്കുമെന്ന് വത്തിക്കാൻ പറഞ്ഞു.
1977 മുതൽ 1982 വരെയാണ് ബെനഡിക്ട് മ്യൂണിക് ആർച്ച് ബിഷപ്പായിരുന്നത്. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. 94-കാരനായ ബെനഡിക്ട് ഇപ്പോൾ വത്തിക്കാൻ സിറ്റിയിൽ സമാധാനജീവിതം നയിക്കുകയാണ്. 2013-ൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മാർപാപ്പസ്ഥാനം രാജിവെച്ചു. 600 വർഷത്തെ വത്തിക്കാൻ ചരിത്രത്തിൽ രാജിവെക്കുന്ന ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം. 1946-നും 2014-നുമിടയിൽ ജർമനിയിൽ ഏകദേശം 3600 പേർ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.