കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്‍റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ഐ പി സി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളെ എതിർത്ത് ക്രൈംബ്രാഞ്ച് എസ് പി എം പി മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ് മെന്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനകളാണ് നിലവിലെ തെളിവുകൾ നൽകുന്നത്.