മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലായിരുന്നു വഴിപാട് നടന്നത്. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. നടൻ ദേവനും ചടങ്ങിൽ സംബന്ധിച്ചു. മഹാശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം.
ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പിഎയും നടൻ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്. കോവിഡ് ബാധിച്ചതിനാൽ മമ്മൂട്ടിക്ക് എത്താൻ കഴിഞ്ഞില്ല. ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.
മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്.
അതേസമയം, മമ്മൂട്ടിക്ക് പിന്നാലെ കോവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും. കോവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ദുൽഖർ വ്യക്തമാക്കി.