കളി കാര്യമാവുകയാണ്. അല്ലെങ്കിൽ കൈവിട്ടു പോവുകയാണ്. കേരളത്തിൽ വർധിച്ച് വരുന്ന കോവിഡിനെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങിനെ വിശേഷിപ്പിക്കാനാകും. ഈ സ്ഥിതി നാം ക്ഷണിച്ച് വരുത്തിയതാണ് എന്ന് ആർക്കും സംശയം ഉണ്ടാകില്ല. ജാഗ്രത പുലർത്തേണ്ട സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാവരും മതിമറന്ന് തിരുവാതിര കളിച്ചതോടെ ജനജീവിതം വീണ്ടും ലോക്ക് ആവുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധന ഞെട്ടിക്കുന്നതാണ്. അയ്യായിരത്തിൽ താഴെ മാത്രം പ്രതിദിന കേസുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് ഇന്ന് (വ്യാഴം) എത്തിയത് 46,387 കേസുകളിലേക്കാണ്. ബുധനാഴ്ച 34,199 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 28,481 പേർക്കായിരുന്നു കോവിഡ്. തിങ്കളാഴ്ച 22,946 പേർക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇത് 18,123 ആയിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തെ മാത്രം കണക്കാണ് മുകളിൽ കൊടുത്തത്. ഞായറാഴ്‌ചയിൽ നിന്ന് വ്യാഴാഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ഉണ്ടായത് 28,264 കേസുകളുടെ വർധനയാണ്. മൂന്നിരട്ടിയോളം വർധന ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായി. എന്നാൽ ഈ കണക്ക് പോലും കേരളത്തിലെ കോവിഡ് രോഗികളുടെ യഥാർത്ഥ കണക്കിന് അടുത്ത് പോലും ഏതാണ് സാധ്യതയില്ല.
ആദ്യ രണ്ട് തരംഗങ്ങളിൽ പ്രൈമറി കോണ്ടാക്ടിൽ ഉണ്ടായിരുന്നവരും സെക്കണ്ടറി കോണ്ടാക്ടിൽ ഉണ്ടായിരുന്നവരും ചെറിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരും ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ ഓടിച്ച് പിടിച്ച് ടെസ്റ്റ് ചെയ്യുന്ന കണക്കിന് കാണുന്നിടത്തെല്ലാം ടെസ്റ്റ് ആയിരുന്നു. സാധാരണ ജലദോഷം വരുന്നവർ ഉൾപ്പെടെ സംശയം ഉള്ളവർ വരെ അന്ന് ടെസ്റ്റ് നടത്തിയിരുന്നു. റൂട്ട് മാപ്പ് ഉണ്ടാക്കി പോയ വഴിയെല്ലാം ടെസ്റ്റ് വണ്ടികൾ ചീറി പാഞ്ഞിരുന്നു. എന്നാൽ ഇന്ന് എന്താണ് സ്ഥിതി? ഗുരുതര പ്രശ്നമുള്ളവർ മാത്രമാണ് പരിശോധന നടത്തുന്നത്.
ലക്ഷണങ്ങൾ ഉള്ളവരോട് പോലും ടെസ്റ്റ് നടത്തേണ്ട എന്ന് നിർദേശിക്കുന്ന ഡോക്ടർമാർ നിരവധിയുണ്ട് നമ്മുടെ കേരളത്തിൽ. രോഗങ്ങൾ ഉള്ളവരോ കൂടിയ ലക്ഷണങ്ങൾ ഉള്ളവരോ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. ആകെ പരിശോധന നടത്തുന്നവരിൽ പകുതിയോളം പേർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്ത്, ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്.
നേരിയ രോഗലക്ഷണമുള്ളവര്‍
ഇവർക്ക് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ 7 ദിവസം നിരീക്ഷണത്തില്‍ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് അപായസൂചനകള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും 6 മിനിറ്റ് നടത്ത പരിശോധന (Walk test) നടത്തണം. അപായ സൂചനകള്‍ കാണുകയോ അല്ലെങ്കില്‍വിശ്രമിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ 6 മിനിറ്റ് നടന്നതിന് ശേഷം ഓക്‌സിജന്റെ അളവ് ബേസ് ലൈനില്‍ നിന്ന് 3 ശതമാനത്തില്‍ കുറവോ ആണെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കുക.
മിതമായ രോഗമുള്ളവർ
ഇത്തരക്കാരുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.റ്റി.സി.യിലേക്കോ, സി.എസ്.എല്‍.റ്റി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.
ഗുരുതര രോഗമുള്ളവർ
എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ രോഗികള്‍, ഇമ്മ്യൂണോ സപ്രസന്റ്‌സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ രോഗലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ജില്ലകളെ മൂന്ന് കാറ്റഗറികളാക്കി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും. സി വിഭാഗം ജില്ലകളിലാണ് കൂടുതൽ നിയന്ത്രണം. ഈ ജില്ലകളിൽ അവസാന വർഷ ബിരുദ ബിരുദാനന്തര ക്ലാസുകളും, പ്ലസ് ടു, 10 ഒഴികെ എല്ലാ ക്ലാസ്സുകളും ഓൺലൈനായിരിക്കും. ഇന്നത്തെ നില പ്രകാരം സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇല്ല. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. മറ്റ് ആറ് ജില്ലകൾ ഈ കാറ്റഗറികൾക്ക് പുറത്താണ്.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കാണാത്ത തരത്തിലുള്ള കോവിഡ് കേസുകളുടെ വർധനയാണ് ഇപ്പോൾ കാണുന്നത് എന്നത് ആശങ്ക പരത്തുന്നതാണ്. നിലവിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ പോലും സമൂഹ വ്യാപനത്തെ തടയാൻ തക്ക പര്യാപ്തമാണെന്ന് പറയാൻ വയ്യ. അതിനാൽ ജാഗ്രത പുലർത്തേണ്ടത് ജനങ്ങൾ തന്നെയാണ്. ഭയമല്ല, ജാഗ്രത തന്നെയാണ് കോവിഡിനെ തടയാൻ വേണ്ടത്.