ന്യൂഡല്‍ഹി: കോവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്ന ആറ് സംസ്ഥാനങ്ങളുടെ പേര് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. ഈ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ സ്ഥിതിഗതികൾ തുടർച്ചയായി അവലോകനം ചെയ്യുന്നുണ്ടെന്നും രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചികിത്സയിലുള്ള രോഗികള്‍ ഏറ്റവുമധികവും ഈ സംസ്ഥാനങ്ങളില്‍ തന്നെയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിപുലമായ രീതിയിലുളള വാക്‌സിനേഷന്‍ വഴി മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.
കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്‌സിനേഷന്‍ വഴി സാധിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് 3,86,452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെല്‍റ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവര്‍ ഏപ്രില്‍ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.