മലപ്പുറം: ഇന്ന് രാവിലെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ഇതിന് മുമ്പും പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് അമ്മ. പല തവണ പതിനെട്ടുകാരിയായ പെൺകുട്ടി കൈഞരമ്പ് മുറിയ്ക്കുകയും ഉറക്കഗുളികകൾ കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നെല്ലാം എങ്ങനെയെങ്കിലും അവളെ കൗൺസലിംഗിനും ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ശിശുസംരക്ഷണകേന്ദ്രത്തിലെത്തിക്കണമെന്നും താൻ അധികൃതരോട് പല കുറി പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും അമ്മ പൊട്ടിക്കരഞ്ഞ് പറഞ്ഞു.
രാവിലെ 9.30-ഓടെയാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ തന്നെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ വ്യക്തമാക്കുന്നു.