തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചാരണം കൂടുന്നതായി പൊലീസ് . ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴയിൽ ആർഎസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം 18 മുതൽ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.