കൊച്ചി: നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന‍്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം.പക്ഷെ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.
തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെടുകയും ചെയ്തു. പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാൻ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ദിലീപിന്റെ ഹർജി ജനുവരി 25 ന് പരിഗണിക്കും. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം ഇപ്പോൾ നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.