തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം ഉണ്ട്. മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. രണ്ടാംതരംഗത്തില്‍ ന്യുമോണിയ ബാധിതര്‍ കൂടുതലായിരുന്നെങ്കിലും ഒമിക്രോണില്‍ അത്തരം പ്രശ്നമില്ലെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തും. ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇന്ഫക്ഷന് തോത് വര്‍ധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങള്‍, പാര്‍ട്ടി സമ്മേളനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ വ്യാപനം വര്‍ധിപ്പിച്ചു.ഒമിക്രോണ്‍ ബാധിതര്‍ക്കും കോവിഡാനന്തര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ജീവിതശൈലി രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് മാത്രമാണ് ആശ്വാസം. ഒമിക്രോണ്‍ ബാധിതര്‍ പെട്ടെന്ന് രോഗമുക്തരാകുന്നതും ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.