തിരുവനന്തപുരം;സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ലോക്ഡൌണിലേക്ക് പോകില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത മൂന്നാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആദ്യ രണ്ട് തരംഗങ്ങളിലുമില്ലാത്ത രീതിയില്‍ ഉയര്‍ന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000 പിന്നിട്ടു. ഇതെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാക്കുന്നു. ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.
സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകും. വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവും. സ്വകാര്യ ചടങ്ങുകളിലടക്കം കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവും.