കൊച്ചി: എറണാകുളം പോണേക്കരയില്‍ എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ രാജസ്ഥാന് സ്വദേശികള്‍ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ ആഷിഫലി സര്‍ദാരി, ഷാഹിദ് ഖാന് എന്നിവരാണ് അറസ്റ്റിലായത്.
കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച ശേഷം പണം നഷ്ടപ്പെട്ടതായി ബാങ്കില്‍ പരാതി നല്കി പണം അക്കൗണ്ടില്‍ തിരിച്ചെത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി. വിവിധ എടിഎമ്മുകളില്‍ നിന്നായി പത്തു ലക്ഷം രൂപയോളം ഇവര്‍ തട്ടിച്ചതായാണ് സൂചന.
കഴിഞ്ഞവര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് രാജസ്ഥാന് സ്വദേശികള്‍ പോണേക്കര, ഇടപ്പള്ളി മേഖലയിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയത്. രണ്ടോ മൂന്നോ അംഗങ്ങളുള്ള സംഘങ്ങളായി എത്തി മിഷീനുകളിലേക്കുള്ള വൈദ്യുത ബന്ധം പിന്‍വലിച്ച് വിവിധ ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ്.
പണം പിന്‍വലിച്ച ശേഷം തുക നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാങ്കിലേക്ക് ഇമെയില്‍ അയക്കും. പരാതി വിശ്വസിക്കുന്ന ബാങ്കുകള്‍ ഈ പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. എസ്ബിഐ പോണേക്കര ബ്രാഞ്ച് മാനേജറുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 40-ല്‍ അധികം എടിഎം കാര്‍ഡുകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു. പിന്നില്‍ വലിയ റാക്കറ്റ് ഉണ്ടെന്നും ട്രെയിന്‍ മാര്‍ഗം ഇവിടേക്ക് എത്തുന്നവര്‍ പണം സ്വന്തമാക്കി തിരിച്ച് മടങ്ങുന്നത് വിമാനത്തിലാണെന്നും അദ്ദേഹം പറയുന്നു.