കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാറിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. വ്യാഴാഴ്ച സർക്കാരിനായി സുനിൽ കുമാർ കോടതിയിൽ ഹാജരാകും.
സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനിൽകുമാർ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അടുത്തയിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിനുളള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദേശിച്ചത്.
ഇതിനിടെ രാജിവച്ച അനിൽകുമാറിനെത്തന്നെ സ്പെഷൽ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്. അന്വേഷണ സംഘം കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടും. വിചാരണ കോടതിയെ അന്വേഷണ സംഘം നിലപാടറിയിക്കും. കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്നും അന്വേഷണ സംഘം വിലയിരുത്തി. കേസില്‍ വിഐപിയെന്ന് സ്ഥിരീകരിച്ച ശരജ് ജി നായര്‍ ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഗൂഡാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയെ അറിയിക്കും.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്ന വെളിപ്പെടുത്തല്‍ സത്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. പള്‍സര്‍ സുനിയെ ജയിലിലെത്തിയാകും ചോദ്യം ചെയ്യുക.