തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നു. അനധികൃതമായി നൽകിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി.
നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് നടപടി. ഒന്നരമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഇടുക്കി കളക്ടർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി. ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കുന്നത്. അർഹരായവർക്ക് പട്ടയങ്ങൾക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നൽകി കൊണ്ടാകണം നടപടികൾ പൂർത്തിയാക്കേണ്ടതെന്നും കളക്ടർക്ക് നിർദേശമുണ്ട്.
ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999ൽ നൽകിയ പട്ടയങ്ങളാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്.
പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്, പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇതും ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയംങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
1998ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമെന്ന് പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റി.