ന്യൂഡൽഹി: ബെംഗളൂരു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ, രണ്ട് ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്കെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു.
ജനുവരി ഏഴിന് രാവിലെയായിരുന്നു സംഭവം. വിമാനങ്ങള്‍ പറന്നുയരുന്നതിനിടെ ആകാശത്തുവച്ച് കൂട്ടിയിടിക്കാവുന്നയത്ര അടുത്തെത്തിയതായി ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ വെളിപ്പെടുത്തി. കോല്‍ക്കത്തയിലേക്കു പുറപ്പെട്ട 6 ഇ 455, ഭുവനേശ്വറിലേക്കു പുറപ്പെട്ട 6 ഇ 246 വിമാനങ്ങളാണ് അടുത്തെത്തിയതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
ബംഗളൂരു വിമാനത്താവളത്തിൽ വടക്കും തെക്കുമായി രണ്ട് റൺവേകളാണ് ഉള്ളത്. വടക്കൻ റൺവേ വിമാനങ്ങൾ പറന്നുയരുന്നതിനും തെക്കൻ റൺവേ ഇറങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ജനുവരി ഏഴിന് രാവിലെ റൺവേ ഓപ്പറേഷൻ ഷിഫ്റ്റ് ഇന്‍-ചാര്‍ജ് വിമാനങ്ങൾ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും വടക്കൻ റൺവേ മാത്രം തെരഞ്ഞെടുത്തു.
തെക്കൻ റൺവേ അടയ്ക്കുകയും ചെയ്തു. എന്നാൽ വടക്കൻ ടവർ കൺട്രോളറെ ഈ വിവരം അറിയിച്ചില്ല. സൗത്ത് ടവർ കൺട്രോളർ ബംഗളൂരുവിലേക്ക് പോകുന്ന വിമാനത്തിന് പറന്നുയരാൻ അനുമതി നൽകി. അതേ സമയം ഭുവനേശ്വറിലേക്ക് പോകുന്ന വിമാനത്തിന് പുറപ്പെടാൻ നോർത്ത് ടവർ കൺട്രോളറും അനുമതി നൽകി.
ഒരേ ദിശയിലേക്കു നീങ്ങുന്ന വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടായത്. അപകടം റഡാര്‍ കണ്ട്രോളര് കാണുകയും ഉടന്‍ തന്നെ വിമാനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ വന്‍ ദുരന്തം ഒഴിവായി.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇൻഡിഗോ അധികൃതർ തയാറായിട്ടില്ല.