കൊച്ചി: പതിനാറുകാരനെ കൽക്കട്ടയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. അസം സ്വദേശിനിയായ നേഹ ബാനുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം അവസാനമായിരുന്നു കേസ്സിനാസ്പദമായ സംഭവം. ആൺകുട്ടിയുമായുള്ള പരിചയം പ്രണയത്തിന് വഴി മാറിയതോടെയാണ് ഇരുവരും നാട് വിട്ടത്. കേരളത്തിൽ നിന്നാൽ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതിയാണ് ആൺകുട്ടിയെ നിർബന്ധിച്ച് കൽക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോയത്. കൽക്കട്ടയിലെത്തിയ ശേഷം യുവതി ആൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കൽക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയുടെ മൊഴിയിൽ പോലീസ് യുവതിക്കെതിരെ പോക്സോ കേസ്സ് റജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആൺകുട്ടിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. യുവതി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെന്നാണ് വിവരം.