തിരുവനന്തപുരം: സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കോവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.
ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീവ്രമാണ്. ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം.
ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല. പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും. ഒമിക്രോൺ നാച്വറൽ വാക്സിനാണെന്ന് പ്രചാരണം നടക്കുന്നു. ഇത് അടിസ്ഥാന രഹിതമാണ്.
ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുമ്പോൾ ആശുപത്രികൾ ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകും. എൻ 95 മാസ്ക് അല്ലെങ്കിൽ ഇരട്ട മാസ്ക് നിർബന്ധമായും ധരിക്കണം.
സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. വാക്സിൻ സ്വീകരിക്കണം. വായു സഞ്ചാരമുള്ള മുറികളിൽ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. സ്വകാര്യ/സർക്കാർ സ്ഥാപനങ്ങൾ ക്ലസ്ററുകൾ രൂപപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപെടുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.
അനാവശ്യമായ ആശുപത്രി സന്ദർശനം പൊതുജനങ്ങൾ ഒഴിവാക്കണം. ഇ സഞ്ജീവനി വഴി ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികളിൽ രോഗിക്കൊപ്പം ഒരാൾ മാത്രം നിൽക്കണം. ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് എത്രയും വേഗം സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.