ജിദ്ദ: ഇസ്ലാമില്‍നിന്നും പുറത്തുപോയവര്‍ കേരളത്തില്‍ രൂപവത്കരിച്ച എക്സ് മുസ്ലിം സംഘടന ഇസ്ലാമിന് ഒരു തരത്തിലുള്ള ഭീഷണിയുമല്ലെന്ന് പ്രബോധകന് ഉസാമ മുഹമ്മദ് എളയാവൂര് അഭിപ്രായപ്പെട്ടു.കുടുംബങ്ങളില്‍ ഇസ്ലാമിക ബോധം വളര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വാരാന്ത്യ ഓണ്‍ലൈന്‍ പരിപാടിയില്‍ ‘മുസ്ലിമും എക്സ് മുസ്ലിമും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിമായി ജനിക്കുകയും ഇസ്ലാമിക ആശയങ്ങളില്‍ വിശ്വാസം ഇല്ലാത്തവരുമാണ് ഭൗതിക വാദികളും യുക്തിവാദികളുമായിപ്പോകുന്നത്. ലോകത്തിനാകമാനം മാതൃകയായ പ്രവാചകന്റെ ജീവിതത്തില്‍നിന്ന് ഏതെങ്കിലും ഒരുഭാഗം അടര്‍ത്തിയെടുത്ത് ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ദുഷ്പ്രചാരണം നടത്തുകയാണ്.
സത്യസന്ധമായി പ്രവാചക ജീവിതം പഠിക്കുന്നവര്‍ക്ക് അവ ദൈവിക സന്ദേശങ്ങളാണെന്ന് ബോധ്യപ്പെടുമെന്നും ലോകത്ത് പ്രവാചക വിമര്‍ശകരായ പലരും പിന്നീട് പ്രവാചക അനുയായികളായി മാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.വഴിതെറ്റിപ്പോകുന്ന മുസ്ലിം യുവത്വത്തെപ്പറ്റി ഗൗരവമായി ചിന്തിക്കണം. കലാലയങ്ങളില്‍ പഠിക്കുന്ന അവര്‍ക്ക് ഖുര്‍ആനും പ്രവാചക ചര്യയും പഠിക്കാന്‍ അവസരം ഉണ്ടാക്കണം.
ഇസ്ലാം എന്നത് കേവല ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ ഐഹിക, പാരത്രിക ജീവിതത്തിനുള്ള സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്നും അതുള്ക്കൊള്ളുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ പ്രബോധകരും പണ്ഡിതരും ആധുനിക കാലഘട്ടത്തില്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.