കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പോലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തൻ്റെ മുഖത്തടിക്കുകയും മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി കാണിചാണ് സക്കീന മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയത്.
ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് സംഭവം. മകളുടെ കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ വന്നതാണ് സക്കീന. മകൻ്റെ ഭാര്യയ്‌ക്കൊപ്പം കുട്ടിയെ ആശുപത്രിയുടെ ഉള്ളിലേക്ക് കടത്തിവിട്ടു. ചില രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ആശുപത്രിയ്ക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും മുഖത്തടിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ആശുപത്രിയുടെ അകത്തേയ്ക്ക് കയറുന്നതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനും യുവതിയുമായി തര്‍ക്കമായി. അകത്തേയ്ക്ക് കയറാന്‍ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നിലപാട് അറിയിച്ചു. ബഹളത്തിനിടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ത്തു.
തുടര്‍ന്ന് തൻ്റെ മുഖത്തടിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് ജീവനക്കാരും പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.