ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സീ തമിഴ് ചാനലിന് നോട്ടീസയച്ച് കേന്ദ്ര വാർത്താവിതരണ വിനിമയ മന്ത്രാലയം. തമിഴ്നാട് ബിജെപി ഐടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സിടിആർ നിർമൽ കുമാറിൻ്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നിർമൽ കുമാർ ചാനൽ അധികൃതർക്ക് കത്തെഴുതിയിരുന്നു.
സീ തമിഴ് ചാനലിലെ ‘ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4’ലെ മത്സരാർഥികളായ രണ്ട് കുട്ടികൾ അവതരിപ്പിച്ച ആക്ഷേപഹാസ്യ പരിപാടിയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. ‘സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിനാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
ജനുവരി 15ന് സംപ്രേഷണം ചെയ്ത പരിപാടിക്കിടെ നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാമർശങ്ങളാണ് പരാതിക്ക് കാരണമായത്. തമിഴ് ഹാസ്യ നടൻ വടിവേലുവിന്റെ ‘ഇംസൈ അരസൻ 23ാം പുലികേസി’യെന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചായിരുന്നു അവതരണം.
കുട്ടികളുടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് അവതരണത്തെ വിധികർത്താക്കളും അവതാരകരും മറ്റും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. ചാനലിന്റെ വെബ്സൈറ്റിൽനിന്ന് വിവാദ ഭാഗം നീക്കുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനൽ മേധാവികൾ നേരത്തെ ബിജെപി കേന്ദ്രങ്ങളെ അറിയിച്ചിരുന്നു. കേന്ദ്ര നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും അധികാരമുപയോഗിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രസ്താവിച്ചു.