തിരുവനന്തപുരം: പ്ളാസ്റ്റിക്ക് നിരോധനം നഗരസഭയിൽ നടപ്പാക്കുന്നതിനോടൊപ്പം നഗരസഭ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. തുണി സഞ്ചികൾക്ക് പുറമേ കൂടുതൽ ഉത്പന്നങ്ങൾ കൂടി നിർമ്മിക്കാനുള്ള സജ്ജീകരണത്തിലാണ് നഗരസഭ. കൊവിഡിൽ നിലച്ച യൂണിറ്റുകളാണ് വീണ്ടും നവീകരിച്ച് പ്രവർത്തനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പ് ചുമതല.മാർച്ചോടെ യൂണിറ്റുകളുടെ നവീകരണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും. മുട്ടട, നെട്ടയം, വള്ളക്കടവ്, പോങ്ങുംമൂട്, കുന്നൻപാറ എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. കൊവിഡും ലോക്ക് ഡൗണും വന്നതോടെ കൃത്യമായി പ്രവർത്തനം നിലച്ചതോടെ പല മെഷീനുകളും തകരാറിലായിട്ടുണ്ട്.പ്ളാസ്റ്റിക്ക് നിരോധനം പൂർണമായി നഗരത്തിൽ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് ഈ യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചിരിക്കുന്നത് .