ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗവുമായ സോയിമോൻ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖില്‍ പൈലിയോടൊപ്പം ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് സോയിമോന്‍ സണ്ണിയെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസമായി സോയിമോനെ പോലീസ് തിരയുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് വരും മണിക്കൂറുകളില്‍ രേഖപ്പെടുത്തും. കേസില്‍ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്.
ഇതില്‍ ഒരാളെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കത്തി കണ്ടെത്താനായി പോലീസ് ഇന്നു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
ധീരജിനൊപ്പം കത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂർ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളിൽ തുടർ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്.