ആലുവ: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ പിതാവ് ദിൽഷാദ് രംഗത്ത്. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പോലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സിഐയെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.
മോഫിയയുടെ ആത്മഹത്യ കുറിപ്പിലെ ആദ്യ പേര് സിഐയുടേതാണ്. ചൊവ്വാഴ്ചയാണ് മോഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃപിതാവ് യൂസഫ് (63), ഭര്‍തൃമാതാവ് റുഖിയ (55) എന്നിവര്‍ക്കെതിരെയാണ് കുറ്റപ്പത്രം.
റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയത്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നുള്ള പരാതിയിൽ ചർച്ച നടത്താൻ ആലുവ സിഐ ആയിരുന്ന സുധീർ മോഫിയയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ, തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയ മോഫിയ എടയപ്പുറത്തെ വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. നിയമ വിദ്യാർഥിനിയായിരുന്ന മോഫിയ പർവീൺ, ഭർത്താവും വീട്ടുകാരും ആലുവ സിഐയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചിരുന്നു. സംഭവം വിവാദമായതോടെ അന്ന് രാത്രി തന്നെ ഭർത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, സിഐയെ സസ്പെൻഡ് ചെയ്യാനോ കേസെടുക്കാനോ സർക്കാർ തയാറായില്ല. ഇതിനെതിരെ ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളടക്കം ആലുവ പോലീസ് സ്‌റ്റേഷന് മുമ്പിൽ സമരം നടത്തി. ഇതേ തുടർന്നാണ് സിഐയെ സസ്പെൻഡ് ചെയ്തതതും കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതും. അന്വേഷണത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പീഡനത്തിന് തെളിവുകൾ കണ്ടെത്തിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.