ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നാഷനൽ സ്പോർട്സ് ഫെഡറേഷൻ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സൂര്യ നമസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സർക്കുലർ അയച്ചു. ഫെഡറേഷന് ത്രിവര്‍ണപതാകയ്ക്കുമുന്നില്‍ സംഗീത സൂര്യനമസ്കാരപരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ഈസമയം കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യോഗചെയ്യണമെന്നാണ് നിര്‍ദേശം. പരിപാടിക്ക് പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ ഫെബ്രുവരി ഏഴുവരെയായി 30 സംസ്ഥാനങ്ങളിലായി 30,000 സ്ഥാപനങ്ങളിലെ മൂന്നുലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിച്ച് 75 കോടി സൂര്യനമസ്കരം സംഘടിപ്പിക്കുന്നതാണ് നാഷനൽ സ്പോർട്സ് ഫെഡറേഷൻ പരിപാടി.
ഇതിന്റെ ഭാഗമായി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അഫിലിയേറ്റഡ് കോളജുകളും പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിക്കുന്നതായി കമ്മീഷൻ സർക്കുലറിൽ വ്യക്തമാക്കി. പുതുമോടിയിലുള്ള രാജ്പഥില്‍ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം കാഴ്ചയുടെ പൊടിപൂരമാവും. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികവേളയില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ തിരക്കിട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്ജമായിക്കഴിഞ്ഞു. പരേഡ് പ്രദര്‍ശിപ്പിക്കാന്‍ രാജ്പഥിൻ്റെ ഇരുവശങ്ങളിലുമായി പത്ത് വലിയ എല്‍ ഇ ഡി സ്ക്രീനുകള്‍ സ്ഥാപിക്കും. മുന്‍വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും ഇതില്‍ പ്രദര്‍ശിപ്പിക്കും.
രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ച 5000 സൈനികരെ എന്‍സിസി പ്രത്യേക ചടങ്ങില്‍ ആദരിക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നന്ദിഫലകം കൈമാറും. മൂന്നു സേനകളും ചേര്‍ന്നുള്ള അഭ്യാസക്കാഴ്ചയില്‍ 75 യുദ്ധവിമാനങ്ങള്‍ പങ്കെടുക്കും. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളുമായി 15 ദൃശ്യാവിഷ്കാരം.
റഫാല്‍, സുഖോയ്, ജാഗ്വര്‍, മിഗ്-17, സാരംഗ്, അപ്പാച്ചെ, ദക്കോത തുടങ്ങിയ യുദ്ധവിമാനങ്ങളും അണിനിരക്കും. ആഘോഷത്തിനു സമാപനം കുറിക്കുന്ന ബീറ്റിങ് റിട്രീറ്റില്‍ 1000 ഡ്രോണുകള്‍ അണിനിരക്കുന്ന ഷോ. ഡല്‍ഹി ഐ ഐ ടിയിലെ പുതുസംരഭമായ ബോട്ട്ലാബ് ഡൈനാമിക്സിൻ്റെ നേതൃത്വത്തിലാവും ഈ പ്രകടനം. കോവിഡ് പശ്ചാത്തലത്തില്‍ 24,000 പേര്‍ക്കു മാത്രമാണ് പരേഡ് നേരിട്ടുകാണാന്‍ അനുമതി. ഇതില്‍ 19,000 ക്ഷണിക്കപ്പെട്ടവരും 5000 പൊതുജനങ്ങളും.