കൊല്ലം: കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസമായി ദമ്പതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കൾ എത്തി പരിശോധിക്കുമ്പോൾ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസിന്‍റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമൻ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീടിന്‍റെ ഭിത്തിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ പോവുകയാണെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്വത്തുക്കൾ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പിൽ വിവരിക്കുന്നുണ്ട്. ദമ്പതികളുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.