കാസർഗോഡ്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ പരാതിപ്രകാരം മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷ്റഫി (41) നെയാണ് കാസർഗോഡ് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു യുവാക്കൾ പീഡിപ്പിച്ചതായി പരാതി നൽകിയ വിദ്യാർഥിനിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് വർഷങ്ങൾക്കുമുന്പ് മദ്രസ അധ്യാപകൻ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
പെൺകുട്ടിയുടെ മാനസികാവസ്ഥയിൽ സംശയം തോന്നി സ്കൂൾ അധ്യാപിക നടത്തിയ കൗൺസലിംഗിലൂടെയാണ് വർഷങ്ങൾക്കുമുന്പ് നേരിട്ട പീഡനത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. മദ്രസയിൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്ത് മദ്രസ അധ്യാപകനായിരുന്ന അഷ്റഫ് പീഡിപ്പിച്ചെന്നാണു പരാതി. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.