മുംബൈ: നാവികസേനാ പടക്കപ്പല്‍ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്നു നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് .
കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.