കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തിരുവാഭരണ പാതയില്‍ നിന്നും കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ആറു ജലാറ്റിന്‍ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും കണ്ടെത്തിയതിന് പിന്നില്‍ തീവ്രവാദ സാന്നിദ്ധ്യമുണ്ടോയെന്ന് അന്വേഷിക്കണം. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞത് ഗൗരവതരമാണ്. ഉപയോഗിച്ച ജലാസ്റ്റിന്‍ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്ക്ക് കര്‍ശനമായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.