തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഇടപെട്ട് ലോകായുക്ത. മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് ചെന്നിത്തലയുടെ പരാതി.
നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയതിനെതിരെയുള്ള പരാതിയിലാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്‍. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടപെടല്‍. വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകയുക്ത ഉത്തരവിട്ടു.
പുനര്‍നിയമനം സംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹര്‍ജ്ജി ഫയല്‍ ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആറ്റോര്‍ണി ടി.എ. ഷാജിയോട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കിയത്.