കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ (Mofiya Parveen) ആത്മഹത്യയിൽ പൊലീസ് കുറ്റപത്രം (Charge Sheet) സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം.
ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മോഫിയയെ സുഹൈൽ നിരന്തരം മർദിച്ചിരുന്നുവെന്നും ഈ മർദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
നിലവിൽ സുഹൈൽ ജയിലിലാണ്. സുഹൈലിന്റെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.