തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും.
നിലവിൽ സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.