ന്യൂഡല്‍ഹി: കോവിഡ് പരിശോധന വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ടിപിആർ കൂടുതലുള്ള സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് പരിശോധന വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ ശുപാർശ.
വലിയരീതിയില്‍ വ്യാപനമുണ്ടായിരുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുന്നുമില്ല. ഈ പ്രദേശങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇതിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുവഴി വൈറസിന്റെ വ്യാപനം പരമാവധി തടയുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് ശേഷവും ചുമ തുടരുകയാണെങ്കില്‍ അവര്‍ക്ക് സ്റ്റിറോയിഡ് നല്‍കുന്നതിന് പകരം അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പുതിയ മാര്‍ഗരേഖയും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം അത്ര ആശ്വാസകരമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിരുന്നു. ഇന്നലെ ഇന്ത്യയിൽ 2,58,089 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. 13,13,444 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി. അതേ സമയം 151740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്.