തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം.
ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കി. വിവാഹത്തിന് 10 പേർ മാത്രമേ പങ്കെടുക്കാവൂ. ഫോട്ടോഗ്രാഫർമാരായി രണ്ടു പേർ മാത്രമേ ആകാവൂ എന്നും നിർദ്ദേശമുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് തുലാഭാരം നടത്താനും അനുമതി.
കോവിഡ് കേസുകൾ ഉയരുന്നതിനാൽ കലാമണ്ഡലം കാമ്പസും അടച്ചു. ഇനി മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ബുധനാഴ്ച മുതൽ ക്ലാസുകൾ ഓൺലൈനായി നടക്കും.
അതേസമയം തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു. കൊവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓ പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 11 മണിവരെയാണ്. വാർഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം കുറയ്ക്കും. വാർഡുകളിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.