കൊച്ചി: ശബരിമല തിരുവാഭരണം കൊണ്ടു പോകുന്ന പാതയിലെ പേങ്ങാട്ടു കടവ് പാലത്തിന്‍റെ അടിയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സാഹചര്യം ആശങ്കാജനകമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ. ശബരിമലയേയും ഹൈന്ദവ ആചാരങ്ങളേയും പൂർണമായും തകർക്കുവാനുള്ള ചില തീവ്രവാദ ശക്തികളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സ്ഫോടകവസ്തുക്കൾ പാലത്തിൻ്റെ അടിയിൽ സൂക്ഷിച്ചതെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നാം തീയതി തിരുവാഭരണങ്ങൾ തിരികെ കൊണ്ടുവരുന്ന വഴിയിൽ ഇത്തരം പ്രവർത്തി ചെയ്തത് ഹിന്ദു മതത്തെ തകർക്കാനള്ള സംഘടിത ശ്രമത്തിൻ്റെ ഭാഗമാണ്. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിൽ സ്കൂൾ വിദ്യാർത്ഥികളായ അയ്യപ്പഭക്തൻമാരെ ബാബറി സ്റ്റിക്കർ പതിച്ച കേസിലേയും ഹൈന്ദവ സംഘടനാ പ്രവർത്തകരെ അരുംകൊല ചെയ്ത സംഭവങ്ങളിലെ യഥാർത്ഥ പ്രതികളേയും കണ്ടെത്താനോ ഗൂഡാലോചന തെളിയിക്കാനോ പോലീസ് ശ്രമിക്കാത്തത് സംഘടിത വോട്ടു ബാങ്കിനെ ലക്ഷ്യം വെച്ചാണ്.
അതീവ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്ത് അന്വേഷിച്ചില്ലായെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യത കൂടുതലാണ്. കേരളത്തെ മറ്റൊരു കാശ്മീരാക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹായം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉടൻ തന്നെ നിവേദനങ്ങൾ നൽകുന്നതാണെന്നും സംഘടന സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.