ബാലതാരമായെത്തി നായകനായും സഹനടനായും വ്യത്യസ്ത വേഷങ്ങളിലെത്തിയിട്ടുള്ള നടനാണ് സുധീഷ്. മണിച്ചിത്രത്താഴിലെ കിണ്ടി എന്ന ഒറ്റവേഷത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന നടനാണ് അദ്ദേഹം. മുപ്പത്തിയഞ്ച് വർഷമായി ചലച്ചിത്രരംഗത്തുണ്ട് അദ്ദേഹം. ഇപ്പോഴിതാ സുധീഷിനെ വാനോളം പുകഴ്ത്തി നടൻ ബിജു മേനോൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ചർച്ചയാവുകയാണ്.
‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലെ നടൻ സുധീഷിൻ്റെ വില്ലൻ കഥാപാത്രത്തെ പ്രശംസിചാണ് ബിജു മേനോൻ രംഗത്തെത്തിയത്. സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെയാണ് സുധീഷ് നൽകിയിരിക്കുന്നതെന്നാണ് ബിജു മേനോൻ കുറിച്ചിരിക്കുന്നത്. മുപ്പത്തിയഞ്ച് വർഷത്തെ സുധീഷിൻ്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളമെന്നാണ് ബിജുവിൻ്റെ വാക്കുകൾ
ബിജു മേനോൻ്റെ കുറിപ്പ്
ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം. ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിൻ്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം.
ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. സാഗർ ഹരിയാണ് സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സ്മൃതി സിനിമാസിൻ്റെ ബാനറിൽ ബാലമുരളിയാണ് നിർമാണം. മാത്യു തോമസ് എന്ന അമ്പത്തഞ്ചുകാരനായാണ് സുധീഷിൻ്റെ കഥാപാത്രം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamBijuMenon%2Fposts%2F471290831027829&show_text=true&width=500