ന്യൂഡല്‍ഹി: പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളിൽ ഉപയോഗിക്കുന്ന കടലാസ് നിർമ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയുടെയും അഭിലാഷത്തിൻ്റെയും പ്രതീകമാണ്. അതിനെ അന്തസ്സോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ വേണ്ടത്ര അവബോധമില്ലാത്തതിനാല്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനങ്ങളും പതാകയെ ഗൗരവത്തിലല്ലാതെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
ദേശീയ പതാകയെ ആദരിക്കുന്നതിനും അതിനെ അപകീര്‍ത്തിപ്പെടുത്തുന്നതു തടയുന്നതിനും രാജ്യത്ത് നിയമമുണ്ട്. പതാക കൈകാര്യം ചെയ്യുമ്പോള്‍ ആ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഫ്ലാഗ് കോഡിൻ്റെ ഒന്നാം വകുപ്പു പ്രകാരം ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലും സംസ്‌കാരിക, സ്‌പോര്‍ട്‌സ് പരിപാടികളിലും ജനങ്ങള്‍ ദേശീയ പതാക വീശുമ്പോള്‍ അത് കടലാസുകൊണ്ടു നിര്‍മിച്ചതായിരിക്കണമെന്നു വ്യക്തമാക്കുന്നുണ്ട്.
ഇത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. പരിപാടിക്കു ശേഷം പതാക അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം കത്തില്‍ പറയുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുന്നത്.