ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ചില രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും ആളുകളിലേക്ക് വൈറസ് പടര്‍ത്താന്‍ സാധിക്കുമെന്ന് പഠനം. 13 ശതമാനം കൊവിഡ് ബാധിതരായ ചില രോഗികള്‍ക്ക് 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ അഞ്ച് ദിവസമാണ് ഐസൊലേഷന്‍ കാലാവധി.
യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 176 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഇതില്‍ ചിലരില്‍ 68 ദിവസം വരെ ഉയര്‍ന്ന വൈറല്‍ ലോഡ് തുടര്‍ന്നു എന്നും പഠനം പറയുന്നു. സ്വയം ഐസൊലേഷന്‍ ചെയ്യാനുള്ള കാലാവധി കുറയ്ക്കുന്നത് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
2020ല്‍ ശേഖരിക്കപ്പെട്ട സാമ്പിളുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഡെല്‍റ്റയും ഒമിക്രോണും പോലുള്ള വകഭേദങ്ങള്‍ പ്രബലമായ നിലവിലെ സാഹചര്യത്തില്‍ ഈ പഠനത്തിന് എത്ര മാത്രം പ്രസക്തിയുണ്ടെന്ന ചോദ്യവും ഇപ്പോള്‍ വ്യാപകമായി ഉയരുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമാണ്.